ഓണപ്പൊട്ടന്റെ പാട്ട്


കേരളകൌമുദിയിലെ ഓണസ്മൃതികള്‍ Original Post

ഓര്‍ത്തിരിക്കാന്‍ എന്തുസുഖം!
പുനത്തില്‍ കുഞ്ഞബ്‌ദുള്ള

ഞങ്ങള്‍ പൂപറിച്ച്‌ ഒടുവില്‍ ഈ കുന്നിന്‍മുകള്‍ വരെ എത്തും. പൂവട്ടികളും പൂക്കൂടകളുമായി തുള്ളിരസിച്ച്‌ ഓടിയിറങ്ങുമ്പോഴേക്കും ഓണമറിയിച്ച്‌ ഓണപ്പൊട്ടന്‍ വന്നു തുടങ്ങിയിരിക്കും.

മുഖത്ത്‌ ചായം തേച്ച്‌ വലിയ കിരീടം ചാര്‍ത്തി കഥകളിക്കാരുടേതുപോലുള്ള വേഷമണിഞ്ഞ്‌ മണികിലുക്കിയെത്തുന്ന ഓണപ്പൊട്ടന്മാര്‍. ഓണപ്പൊട്ടന്‍ ഒന്നും മിണ്ടൂല്ല. മണികിലുക്കുകയേയുള്ളൂ. തൊട്ടുപിറകിലായി ഓണപ്പൊട്ടന്റെ ഭാര്യയും കാണും. മുണ്ടും മാറുമറച്ച തോര്‍ത്തുമാണ്‌ അവരുടെ വേഷം. ഒടുവില്‍ സന്‌ധ്യമയങ്ങുമ്പോഴാണ്‌ ഓണപ്പൊട്ടന്‍ വേഷമെല്ലാം അഴിച്ചുവയ്ക്കുന്നത്‌. പിന്നെ നേരെപോകുന്നത്‌ കള്ളുഷാപ്പിലേക്കാണ്‌. മൂക്കറ്റം കുടിച്ചിറങ്ങുന്നതുവരെ പൊട്ടന്റെ ഭാര്യ മലയി വെളിയില്‍ കാത്തുനില്‍ക്കും. കള്ള്‌ തലയ്ക്ക്‌ പിടിച്ച്‌ ലഹരി മൂത്തുകഴിയുമ്പോഴാണ്‌ ഇരുവരും വീട്ടിലേക്ക്‌ മടങ്ങുന്നത്‌. പൊട്ടന്‌ പിന്നെ ഓണപ്പാട്ടിന്റെ താളവും മേളവുമാണ്‌. മലയി പാട്ടിന്‌ താളമടിക്കുന്നത്‌ ഓണപ്പൊട്ടന്റെ പൃഷ്‌ടത്തിലായിരിക്കും. ലഹരിമൂത്ത ഓണപ്പൊട്ടന്‍ ഉച്ചത്തില്‍ പാടുന്നു.

ചെറിയോണം മോന്തി ക്ക്‌,
ചെറിയോണം മോന്തിക്ക്‌,
ചെറിയമ്മ പെണ്ണിന്റെ
മുല രണ്ടും കണ്ടില്ലാ.
അമ്മ കരയുന്നു അച്ഛന്‍ കരയുന്നു.
മച്ചുനന്‍ ചെക്കനോ, പൊട്ടിക്കരയുന്നൂ.
ചെറിയോണം പിറ്റേന്ന്‌
ചെറിയോണം പിറ്റേന്ന്‌
മുല രണ്ടും കണ്ടല്ലോ
പുളിമരക്കൊമ്പീല്‌
അച്ഛന്‍ ചിരിക്കുന്നു
അമ്മ ചിരിക്കുന്നു.
മച്ചുനന്‍ ചെക്കനോ ചാടിപ്പിടിക്കുന്നൂ.


ഇങ്ങനെ താളത്തില്‍ പാടിയകന്നുപോയ മലയനെയും മലയത്തിയെയും ഓര്‍ത്തിരിക്കുമ്പോഴേ എന്റെ മനസ്സില്‍ ഓണനിലാവ്‌ പരക്കും. ഇന്നും എന്നും. മായാത്ത ചിത്രങ്ങളാണത്‌. ഓര്‍ത്തോര്‍ത്തിരിക്കാന്‍ എന്തു സുഖം!

0 comments:

Post a Comment

നിങ്ങള്‍ക്ക് അറിയാവുന്ന തെറിപാട്ടുകള്‍ Comment Box വഴി ഇതിലേയ്ക്ക് ചേര്‍ക്കുക.
അടുത്ത കൂട്ടുകാരെ ഈ പേജിലെത്തിച്ച് വട്ടാക്കാന്‍ മറക്കല്ലേ.

 
 
 
 
Copyright © Theripattu